അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബരാക് താഴ്വരയില് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്.
ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്. 4462 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. മനുഷ്യര്‍ക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തില്‍ വലയുകയാണ്.
കസിറങ്കാ നാഷണല്‍ പാര്‍ക്കില്‍ ഒരു പുലിയുള്‍പ്പടെ 5 മൃഗങ്ങള്‍ പ്രളയത്തില്‍ ചത്തു. അസമിന്റെ അയല്‍സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
ആരോഗ്യ വകുപ്പിന്റെ സ്റ്റാറ്റിക് ടീമുകളെ സജ്ജമായി നിലനിര്‍ത്താനും പ്രളയബാധിതര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ ദൈനംദിന സന്ദര്‍ശനം ഉറപ്പാക്കാനും അസം മുഖ്യമന്ത്രി ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലന്‍സുകള്‍ സജ്ജമായി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് അസമിലെ വെള്ളപ്പൊക്ക സാഹചര്യം ചര്‍ച്ച ചെയ്തിരുന്നു.