ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത്, ജലനിരപ്പ് ക്രമീകരിക്കാനായി ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വെള്ളമൊഴുക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കി. നിലവില്‍ 2398.04 അടിയാണ് ജലനിരപ്പ്.
ജലം ഒഴുകിവരുന്ന സ്ഥലങ്ങളില്‍ മീന്‍ പിടിത്തം, സെല്‍ഫി, വീഡിയോ ചിത്രീകരണം, ഫേസ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു. 2018ന് ശേഷം ഇതാദ്യമാണ് ഡാം തുറക്കുന്നത്. അഞ്ചു തവണ മാത്രമെ ഇതിനു മുന്‍പ് ഇടുക്കി ഡാം തുറന്നിട്ടുള്ളൂ. മന്ത്രിമാരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകുന്നത്. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്.
രാവിലെ 10.55ന് ആദ്യമുന്നറിയിപ്പായി സൈറണ്‍ മുഴങ്ങി. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നത്.
ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാ നിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എറണാകുളം പറവൂരിലെത്തി. വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ സേന ആരംഭിച്ചു. ആലുവയിലും പറവൂരിലുമായി 22 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ആലുവ, ചൂര്‍ണിക്കര, ചെങ്ങമനാട്, പാറക്കടവ്, കീഴ്മാട്, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിക്കുന്നുണ്ട്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. റൂള്‍സ് കര്‍വ് അനുസരിച്ചാണ് ഡാം തുറക്കുന്നത്. മഴ കുറഞ്ഞാല്‍ റൂള്‍ കര്‍വ് അനുസരിച്ച് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി വ്യക്തമാക്കി.


