ന്യൂനമര്‍ദമായി ശക്തികുറഞ്ഞ ബുറെവിയെത്തുടര്ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ. 17 പേര് മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. കാഞ്ചീപുരത്ത് മൂന്ന് യുവതികള്‍ നദിയില്‍ വീണ് മരിച്ചു. വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു. ചെന്നൈ, പുതുക്കോട്ട, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു. കടലോര ജില്ലയായ കടലൂര്‍ ഒറ്റപ്പെട്ടു. കടലൂര്‍, തഞ്ചാവൂര്‍ ജില്ലകളിലായി 500 വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷി നശിച്ചു.
24 മണിക്കൂറില്‍ ഏറെയായി മാന്നാര്‍ ഉള്‍ക്കടലില്‍ തുടരുന്ന ബുറെവി കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് ഒടുവില്‍ പുറത്തുവന്ന കാലാവസ്ഥാ നിരീക്ഷണം. ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തില്ലെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് തുലാമഴ ശക്തമായി. ഇന്ന് പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ടുമുണ്ട്. ശക്തമായി കാറ്റിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതന്ന് മുന്നറിയിപ്പുമുണ്ട്.