മഴ കനത്തതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താനായി ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തതായി വ്യവസായ മന്ത്രി പി രാജീവ്. ജില്ലയില്‍ ഇതുവരെ ഗുരുതരമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മുന്‍കരുതലെന്നോളം നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
എറണാകുളം ജില്ലയില്‍ ആവശ്യത്തിന് അനുസരിച്ച് ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ കാലങ്ങളില്‍ വലിയ കെടുതികള്‍ ഉണ്ടായ ചെല്ലാനത്ത് സുരക്ഷിതമായ സാഹചര്യം ഉറപ്പു വരുത്തിയിട്ടുണ്ട്.
പെരിങ്ങല്‍കുത്ത് ഡാമിന്റെ ജലനിരപ്പ് അടിസ്ഥാനമാക്കി ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കും. കാലടി സ്റ്റേഷനുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ്, രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കും. മാഞ്ഞാലി തോടിനായി ഫ്ളോട്ടിംഗ് ജെ സി ബി ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. കുട്ടമ്പുഴയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ നിന്ന് 700 ബോട്ടുകളാണ് നിലവില്‍ കടലില്‍ പോയിട്ടുള്ളത്. ഇവ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്നലത്തെ കനത്ത മഴയില്‍ ലുലുമാളിന് സമീപമുള്ള കനാലുകളിലേക്ക് വെള്ളം ഒഴുകുന്നതിന് തടസം അനുഭവപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി പേരണ്ടൂര്‍ കനാലില്‍ ചെളി നീക്കം ചെയ്തപോലെ കനാല്‍ റെജുവനേഷന്‍ നടപ്പിലാക്കുമെന്നും പി രാജീവ് അറിയിച്ചു.
കോര്പ്പറേഷന്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ഫയര്‍ ഫോഴ്സ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ഒരു പ്രത്യേക സംവിധാനം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ രൂപം നല്‍കിയതായും മണ്ഡലാടിസ്ഥാനത്തിലും പ്രത്യേകം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.


