കൊച്ചി: മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ എ.എം.അനൂപാണ് വിജയലക്ഷ്മിയെ ജീവിത സഖിയായി സ്വീകരിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.50നായിരുന്നു വിവാഹം. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയെ വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ ചേക്കേറുകയായിരുന്നു. ഇതിനിടയില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും വിജിയെ തേടിയെത്തി. ഗായത്രിവീണ എന്ന അപൂര്‍വവാദ്യം വായിക്കുന്നതിലും പ്രഗത്ഭയാണ് വിജയലക്ഷ്മി.