മൂവാറ്റുപുഴ: പൈനാപ്പിളിൻ്റെ ആസ്ഥാനമായ വാഴക്കുളം ഇളക്കിമറിച്ച് ഇടതു സ്ഥാനാർത്ഥി എൻ അരുണിന്റെ ഉജ്ജ്വലപര്യടനം. സ്വീകരണ കേന്ദ്രങ്ങളിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ.
കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ നടന്ന പര്യടനത്തിൽ
സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.പൈനാപ്പിൾ കർഷകരുടെയും കർഷക തൊഴിലാളികളും പൈനാപ്പിൾ വ്യാപാര മേഖലയിലുള്ളവരുടെയും സജീവ സാന്നിധ്യം സ്വീകരണ യോഗങ്ങളിൽ കാണാനായി. പൈനാപ്പിൾ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പൈനാപ്പിൾ സംസ്കരണ പ്ലാന്റ് അടക്കമുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടുമെന്നും എൽ ഡി എഫ് നേതാക്കളുടെ ഇടപെടലിൽ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന് ഒരു കോടി രൂപ വകയിരുത്താനായിയെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അരുൺ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കല്ലൂർക്കാട് പഞ്ചായത്തിലെ മണലി പീടിക ജംഗ്ഷനിൽ നിന്നും ആരംഭിച്ച പൊതു പര്യടനം സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉച്ചകഴിഞ്ഞ് മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻ കവലയിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വാഴക്കുളം പി.എച്ച്.സി ജംഗ്ഷനിൽ സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളിൽ എൽ ഡി എഫിൻ്റെ നേതാക്കൾ പ്രസംഗിച്ചു. ചൊവ്വാഴ്ച ആവോലി പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും പര്യടനം നടത്തും. രാവിലെ 8ന് ആവോലി പഞ്ചായത്തിലെ കാവന പുളിക്കായത്ത് കടവിൽ നിന്ന് ആരംഭിക്കുന്ന പര്യടനം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ എ നവാസ് ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കിഴക്കേക്കര കാട്ടുകണ്ടം കവലയിൽ സമാപിക്കും. തുടർന്ന് മുവാറ്റുപുഴ നഗരസഭയിലെ രണ്ടാറിൽ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി പണ്ടരിമലയിൽ സമാപിക്കും.

