ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി തുടങ്ങി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുകയാണ്.
മാർച്ച് മൂന്നാം ആഴ്ചയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. മാർച്ച് പതിമൂന്നിന് മുന്‍പെ ഉദ്യോഗസ്ഥരുടെ പര്യടനം അവസാനിക്കൂ. തുടർന്ന് ഇവർ നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മാർച്ച് പത്തിനായിരുന്നു പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മേയ് 23നായിരുന്നു ഫല പ്രഖ്യാപനം.
ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ അനുസരിച്ച് 97 കോടിയോളം വോട്ടർമാർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും. കേരളത്തില്‍ ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ആഘോഷങ്ങള്‍ കഴിഞ്ഞശേഷമെ തെരഞ്ഞെടുപ്പ് നടത്തൂവെന്ന് സൂചനയുണ്ട്.


