അടിമാലി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡല തെരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച രാവിലെ 7.30 ന് ആനച്ചാലില്‍ നിന്നും ആരംഭിച്ചു. ആനച്ചാലിലെ വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍, ലോട്ടറി തൊഴിലാളികള്‍ എന്നിവരോട് സംസാരിച്ച് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു. ആനച്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ മേഴ്സി ഹോമിലെ അന്തേവാസികളെയും സന്ദര്‍ശിച്ചു.
പര്യടനത്തിനിടയില്‍ ആനച്ചാലില്‍ സ്ഥാനാര്‍ഥിയുടെ പഴയകാല അയല്വാസിയാ ലോട്ടറി തൊഴിലാളി സാവിത്രിയമ്മയെ കണ്ടുമുട്ടി. പഴയകാല ഓര്‍മ്മകളും കുടുംബ വിശേഷങ്ങളും പങ്കുവച്ച സാവിത്രിയമ്മ സ്ഥാനാര്‍ഥിയുടെ തോളില്‍തട്ടി വിജയാശംസകള്‍ നേര്‍ന്നാണ് പറഞ്ഞയച്ചത്. കല്ലാര്‍കുട്ടിയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയ ആദ്യകാല കുടിയേറ്റ കര്‍ഷക അംബുജാക്ഷിയമ്മയെ സ്ഥാനാര്‍ഥി ജോയ്സ് പൊന്നാടയണിയിച്ചു.
മാങ്കുളത്ത് ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരപന്തല്‍ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് അടിമാലി, മാങ്കുളം, പള്ളിവാസല്‍ എന്നിവിടങ്ങളിലും വോട്ടര്‍മാരെ കണ്ടു.