ബെംഗളൂരു: കര്‍ണാടക പിടിച്ചു, ഇനി വേണ്ടത് ഉറപ്പുള്ള തേരാളിയേ. ഹൈക്കമാന്റ് എത്തിനില്‍ക്കുന്നത് രണ്ടുപേരുകളിലാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കന്നഡ ചാണക്യന് ഡി.കെ ശിവകുമാറിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ഇതിനൊപ്പം മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജി പരമേശ്വരനും ഉപമുഖ്യമന്ത്രിയായേക്കും.
മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും. ഡി കെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയേക്കുമെന്നും വിവരമുണ്ട്. ജയിച്ച എംഎല്‍എമാരില്‍ അധികവും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്.
ബിജെപിയേക്കാള്‍ ഇരട്ടിയിലേറെ സീറ്റുകള്‍ നേടി വിജയിച്ച കോണ്‍?ഗ്രസിന് മുമ്പില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് പ്രധാനമാണ്. 2013 മുതല്‍ 2018 വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പരിചയ സമ്പത്തുണ്ട് സിദ്ധരാമയ്യക്ക് അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുളളത്. അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ വ്യക്തമാക്കിയത്. അങ്ങനെ വന്നാല്‍ കൂടുതല്‍ സാധ്യത ഡികെ ശിവകുമാറിന് തന്നെയാകുമെന്നാണ് വിലയിരുത്തല്‍.


