ഡൽഹി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് അഞ്ചിന ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് കെഎസ് ആര്‍ടിസിയില്‍ സൗജന്യയാത്ര. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയും പങ്കാളിയായപ്പോള്‍ വേറിട്ടൊരു യാത്രയുടെ ഡബിള്‍ ബെല്ല് കൂടിയായി. കഴിഞ്ഞ ദിവസം പാലക്കാട് കോട്ടമൈതാനത്തു നിന്നും കണ്ടക്ടറുടെ വിസിലിനൊപ്പം കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടപ്പോള്‍ പുതിയൊരു രാഷ്ട്രീയ ചരിത്രം കൂടി ചലിച്ചു തുടങ്ങി.
വേണുഗോപാലിന്റെയും രമേഷ് പിഷാരടിയുടെയും ഒപ്പം സംവദിച്ചും യാത്രാക്ലേശങ്ങള്‍ വിവരിച്ചും കുഴല്‍മന്ദം വരെയുള്ള യാത്ര ബസിലെ യാത്രക്കാര്‍ക്കും നവ്യാനുഭവമായി. യാത്രക്കാരായ ആളുകള്‍ മുഴുവന്‍ പദ്ധതിയെ വലിയതോതില്‍ സ്വീകരിക്കുമെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍തന്നെ പദ്ധതി നടപ്പാക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു. കെ എസ് ആര് ടി സിയെ നഷ്ടത്തില്‍ ആക്കുന്ന പദ്ധതിയാണ് ഇത് എന്ന് ഇടതുപക്ഷക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീയാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്സിഡിയായി സര്‍ക്കാര്‍ കെ എസ് ആര് ടി സിക്ക് നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.


