അഗര്‍തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കന്നിയങ്കത്തില്‍ തന്നെ തിപ്ര മോത്ത പാര്‍ട്ടിയുടെ മുന്നേറ്റം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്തയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വരവറിയിക്കാനായി. ലീഡ് രണ്ടക്കം കടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി തലവന്‍ പ്രത്യുദ് ദേബ് ബര്മന് വ്യക്തമാക്കിയതിന് പിന്നാലെ തിപ്ര മോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് ബിജെപി അറിയിച്ചു.
ത്രിപുരയില്‍ ബിജെപി ജയം ഉറപ്പിച്ചു കഴിഞ്ഞു.ഭരണകക്ഷിക്ക് ശക്തമായ വെല്ലുവിളിയാകുമെന്ന് പ്രഖ്യാപിച്ച സിപിഐഎം- കോണ്‍ഗ്രസ് സഖ്യത്തിന് വിചാരിച്ച നേട്ടമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തിപ്ര മോത്ത പാര്‍ട്ടിയുടെ നേട്ടം.
സര്‍വേകളില്‍ എക്സ് ഘടകമായി മാത്രം കണ്ടിരുന്ന പാര്‍ട്ടി നിലവില്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊടുവില്‍ ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട്. നേരത്തെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ചിരുന്ന സിപിഐഎം ഇത്തവണ കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണയിലാണ് മത്സരിക്കാനിറങ്ങിയത്. സഖ്യം ഗുണമായത് കോണ്‍ഗ്രസിന് മാത്രമാണെന്നാണ് ഇതുവരെ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല കഴിഞ്ഞ തവണ 16 സീറ്റുകള്‍ നേടിയ സിപിഐഎമ്മിന്റെ സീറ്റുനില ഇത്തവണ കുറഞ്ഞേക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇതിനിടെ ഇടത്- കോണ്‍ഗ്രസ് സഖ്യവും തിപ്ര മോത്ത നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിവരമുണ്ട്.


