സഹപാഠികള്‍ക്കുള്ള തുണി മാസ്കുകള്‍ വീട്ടിലിരുന്ന് തയ്യാറാക്കി മാതൃകയാകുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെയും, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാര്‍ത്ഥികള്‍. മാസ്കുകള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന് ബാബു ഐ.എ.എസ് മുന്നോട്ട് വച്ച ചലഞ്ച് ഏറ്റെടുത്താണ് ഈ വിദ്യാര്‍ത്ഥികള്‍ മാസ്ക് നിര്‍മ്മിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സ്വന്തം സ്കൂളില്‍ പൊതുപരീക്ഷയെഴുതുന്ന സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമാണ് ആദ്യഘട്ടമെന്ന നിലയില്‍ മാസ്ക്ക് നിര്‍മ്മിക്കുന്നത്. പരിസരസ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള മാസ്കുകള്‍ കൂടി നിര്‍മ്മിക്കുന്ന ശ്രമത്തിലാണിവര്‍.
ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് മാസ്ക് നിര്‍മ്മാണം, മാസ്ക് നിര്‍മ്മിയ്ക്കുവാന്‍ പ്രത്യേകിച്ച് ഫണ്ടില്ലാത്തതിനാല്‍ സന്നദ്ധ സേവനമെന്ന നിലയിലാണ് നിര്‍മ്മിക്കുന്നത്. തയ്യല്‍ മെഷീന് ഉള്ള വിദ്യാര്‍ത്ഥികള്‍ മാസ്ക് തയ്യാറാക്കും ,ബാക്കിയുള്ളവര്‍ തുണികള്‍ വെട്ടിയൊരുക്കുകയും കെട്ടാനുള്ള ചരട് തയ്യാറാക്കുകയും ചെയ്യും, കോട്ടണ്‍ തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തുവാനും സഹായത്തിനും പി.ടി.എ യുടെ സഹായവുമുണ്ട്. അധ്യാപകര്‍ ഫോണിലൂടെ മാസ്ക് നിര്‍മ്മാണത്തിനുള്ള രീതികളും മറ്റു നിര്‍ദ്ദേശങ്ങളും നല്‍കും, കേരള ലക്ഷദീപ് റീജിയണല്‍ ഡയറക്ടര്‍ സജിത് ബാബു, വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. രഞ്ജിത് , ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.വിപുല്‍ മുരളി, പി.എ.സി. മെമ്പര്‍ ഐഷാ ഇസ്മായില്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, പ്രിന്‍സിപ്പാള്‍ റോണി മാത്യു, ഹെഡ്മാസ്റ്റര് കെ.സജികുമാര്‍, പി ടി.എ പ്രസിഡന്റ് പി.റ്റി.അനില്‍കുമാര്‍, മദര്‍.പി.റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജസനല്, സ്കൂള്‍ വികസന സമിതി ചെയര്മാന് റ്റി.വി അവിരാച്ചന്, ജെ.ആര്.സി റ്റീച്ചര്‍ ഗിരിജ എം.പി തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ചലഞ്ച് ഏറ്റെടുത്ത സംസ്ഥാനത്തെ വി.എച്ച്.എസ് ഇ നാഷണല്‍ സര്‍വ്വീസ് സ്കീം സെല്ലിലെ വോളന്റിയര്‍മാര്‍ വീട്ടിലിരുന്ന് തയ്യാറാക്കുന്നത് ഒന്നര ലക്ഷത്തിലേറെ തുണി മാസ്ക്കുകളാണ്.