മലപ്പുറം: അതിജീവനത്തിന്റെ അദ്ധ്യയന അനുഭവങ്ങളില്‍ നിന്നും അതി നൂതന സാങ്കേതിക വിദ്യയിലേക്ക് നടന്നു കയറുകയാണ് മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ പറഞ്ഞു. ഓണ്‍ലൈന്‍ പഠനം എളുപ്പമാക്കുന്നതിനും കുട്ടികള്‍ക്ക് പാഠ ഭാഗങ്ങള്‍ നഷ്ടപ്പെടാതെ അദ്ധ്യയനം ലഭിക്കുന്നതിനുമായി അതി നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി സജ്ജീകരിച്ചിരിക്കുന്ന മോഡല്‍ തീയേറ്ററുകള്‍ തുടങ്ങി. ജില്ലാ പഞ്ചായത്തിന് കീഴിലെ ചെട്ടിയാംകിണര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലും പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലുമാണ് മോഡല്‍ എഡ്യൂക്കേഷന്‍ തീയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.
റഫീഖയുടെ വാക്കുകള്‍
ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രായോഗിക പ്രതിസന്ധികളോട് നമ്മുടെ അക്കാദമിക് സമൂഹം പ്രതീക്ഷാപൂര്‍വം പടപൊരുതിയപ്പോള്‍ നമുക്ക് കയ്യെത്തിപ്പിടിക്കാനായിട്ടുള്ളത് അപൂര്‍വമായ നേട്ടങ്ങളാണ്. അതിജീവനത്തിന്റെ അദ്ധ്യയന അനുഭവങ്ങളില്‍ നിന്നും അതി നൂതന സാങ്കേതിക വിദ്യയിലേക്ക് നടന്നു കയറുകയാണ് മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍.
കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും കുട്ടികള്‍ക്ക് പഠനാന്തരീക്ഷം എളുപ്പമാക്കുന്നതിന് സ്മാര്‍ട്ട് ക്ലാസ്സ് മുറികളെ വെല്ലുന്ന സ്റ്റുഡിയോകള്‍ രണ്ട് സ്കൂളുകളിലും സജ്ജമായിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്വപ്നപദ്ധതിയായ മോഡല്‍ തീയേറ്ററുകളുടെ രൂപകല്പന യഥാര്ഥ്യത്തിലെത്തിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ എഡ്യൂക്കേഷന്‍ തിയേറ്റര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്കൂളുകളില്‍ മോഡല്‍ തീയേറ്ററുകള്‍ ആരംഭിക്കുന്നതിനുള്ള ആസൂത്രണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
അധ്യാപകര്‍ വിവിധ സ്ഥലങ്ങളില്‍ പരിമിതമായ സൗകര്യങ്ങളില്‍ ക്ളാസുകള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, കുട്ടികള്‍ക്ക് നെറ്റ് കണക്ഷന് ലഭ്യമാകാത്തത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, ഡിജിറ്റല്‍ വിടവിന്റെ ഇരകളായി മാറേണ്ടി വരുന്ന കുട്ടികളുടെ പ്രയാസങ്ങള്‍, തുടങ്ങിയ മുഴുവന്‍ പ്രശ്നങ്ങളെയും മറികടക്കാനുള്ള സജ്ജീകരണങ്ങളാണ് തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്. അധ്യാപകര്‍ക്ക് സ്കൂളില്‍ വച്ച് തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തത്സമയം ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിനും എഡിറ്റ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കുന്നതിനും കഴിയുന്നു. ക്ലാസുകള്‍ നഷ്ടമാകുന്ന കുട്ടികള്‍ക്ക് വീണ്ടും കാണുന്നതിനുള്ള സൗകര്യവും ലഭ്യമാവുന്നുണ്ട് .
ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒരുക്കിയ സൗകര്യങ്ങളാണ് മോഡല്‍ എജുക്കേഷന്‍ തിയേറ്ററിനെ സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്റര്‍ ആക്ടീവ് ബോര്‍ഡുകള്‍, സ്മാര്‍ട്ട് പോഡിയം, ക്ലാസുകള്‍ എടുക്കുന്ന സമയത്ത് തന്നെ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനം, ഡിജിറ്റല്‍ ലൈബ്രറി കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങി ഏതൊരു മികച്ച സ്ഥാപനത്തേടും കിടപിടിക്കാവുന്ന സൗകര്യങ്ങളാണ് മോഡല്‍ തിയേറ്ററില്‍ സജ്ജമാക്കിയിട്ടുള്ളത്. എല്ലാ കുട്ടികള്‍ക്കും എല്ലാ പാഠഭാഗങ്ങളും എല്ലാ ക്ലാസ്സുകളും ഡിജിറ്റല്‍ രൂപത്തില്‍ എത്തിക്കുക എന്ന വലിയ ദൗത്യത്തിന്റെ കേന്ദ്രം കൂടിയായി മോഡല്‍ തിയേറ്റര്‍ മാറും.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എന്നും എ പ്ലസ്സുകാരുടെ ജില്ലയായ മലപ്പുറം കഴിവുറ്റ അധ്യാപകരുടെയും മികവുറ്റ വിദ്യാര്‍ത്ഥികളുടെയും ആത്മവിശ്വാസത്തിന്റെ കരുത്തില്‍, ജനകീയരായ ജനപ്രതിനിധികളുടെയും പൊതു സമൂഹത്തിന്റെയും പിന്‍ബലത്തില്‍.., ഏത് പ്രതിസന്ധികളുടെയും പത്മവ്യൂഹം ഭേദിച്ചു മുന്നോട്ട് കുതിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
രാഷ്ട്രദീപം വാര്‍ത്ത ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. ശേഷം 9447105395 നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക 👇👇👇
https://chat.whatsapp.com/EyW7du0r50t7H5OBn8sgiw