കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും വ്യവസായ മന്ത്രിയുമായ പി.രാജീവ് നടപ്പാക്കുന്ന ‘വിദ്യാകിരണം ഡിജിറ്റല്‍ ലൈബ്രറി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കുറ്റിക്കാട്ടുകര സെന്റ് തോമസ് ചര്‍ച്ച് സാന്തം റിവര്‍സൈഡ് അരീനയില്‍ ഉച്ചക്ക് ശേഷം 3.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ ആകാശമിഠായി പുരസ്കാരങ്ങളുടെ ഏലൂര്‍ നഗരസഭാതല വിതരണവും ഇതോടൊപ്പം നടക്കും.
ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ എല്ലാവര്ക്കും പ്രാപ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയോട് അനുബന്ധമായാണ് കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഡിജിറ്റല്‍ ലൈബ്രറി സജ്ജമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കുപ്രകാരം നിയമസഭാ മണ്ഡലത്തിലെ 30 സ്കൂളുകളിലായി 742 പേര്‍ക്കാണ് പഠനോപകരണങ്ങള്‍ ആവശ്യമുള്ളത്. ഇത്രയും പേര്‍ക്ക് ടാബുകള്‍ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ ലൈബ്രറിയാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഒരുക്കുക. സ്കൂളുകളിലെ ലൈബ്രറി പോലെ പഠനോപരണ ലൈബ്രററിയും പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളിലും മികച്ച വിജയം നേടുന്നവര്‍ക്കും അക്കാദമിക് മികവ് പുലര്‍ത്തുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ ആകാശമിഠായി പുരസ്കാരത്തിന്റെ ഏലൂര്‍ നഗരസഭാതല വിതരണവും ഇതോടൊപ്പം നടക്കും. ജനപ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.


