കേരളം പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യം കൈവരിച്ച സംസ്ഥാനമയി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സമ്പൂര്‍ണ്ണ ഹൈടെക്ക് വിദ്യാലയമായി മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് പ്രഖ്യാപിച്ചു.
കേരളം ലോകത്തിനു തന്നെ മാതൃകയായെന്നും ഈസ്റ്റ് മാറാടി സ്കൂള്‍ എപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നിലാണന്നും, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പി.റ്റി.എയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മാതൃകാപരമാണെന്നും അതിന് ഉദാഹരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച എന്‍.എസ്.എസ്. വോളന്റിയര്‍ക്കുള്ള അംഗീകാരവും, മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള എ.പി.ജെ അബ്ദുല്‍ കലാം പുരസ്കാരവും ലഭിച്ചതെന്ന് ലത ശിവന് പറഞ്ഞു.
പി.റ്റി.എ പ്രസിഡന്റ് പി.റ്റി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണു പ്രഖ്യാപനം നടത്തിയത്. പ്രിന്‍സിപ്പാള്‍ റോണി മാത്യു സ്വാഗതവും ഐ.ടി കോര്‍ഡിനേറ്റര്‍ ഷീബ എംഐ നന്ദിയും പറഞ്ഞു. മദര്‍ പിറ്റിഎ ചെയര്‍ പേഴ്സണ്‍ സിനിജ സനല്‍, സ്കൂള്‍ വികസന സമിതി ചെയര്മാന് റ്റി.വി അവിരാച്ചന്, റ്റി.കെ രാമന്, ഡോ.അബിത രാമചന്ദ്രന്, സിജി റ്റീച്ചര്‍, പൗലോസ് റ്റി, സുധിമോന്‍ എ.കെ, സമീര്‍ സിദ്ദീഖി തുടങ്ങിയവര്‍ പങ്കെടുത്തു.


