ചാന്‍സലര്‍ ബില്ലില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ലിന്മേല് തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനമെടുക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലില്‍ തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവന് തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട ശേഷവും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


