സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി. കേന്ദ്രം എടുത്ത നിലപാടില്‍ സന്തോഷം അറിയിച്ച ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് തല്ക്കാലം സംസ്ഥാന ബോര്‍ഡുകളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ സമയ പരിധി നല്‍കണമെന്ന് ഹര്‍ജി നല്കിയ മമത ശര്‍മ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ രണ്ടാഴ്ച വേണം എന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. മൂന്നു വര്‍ഷത്തെ ശരാശരിയെക്കാള്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള മാര്‍ക്ക് മാത്രം പരിഗണിക്കുക എന്ന നിര്‍ദേശത്തിനാണ് മുന്‍ഗണന.
അതേസമയം , സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയതോടെ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. നീറ്റ്, ജെഇഇ പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രം യോഗം വിളിച്ചു.