ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തിലധികവും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. ഇന്ന് രാത്രിയോടെ പൂര്‍ണമായി അണക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഏഴിലെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഏറ്റവുധികം പുക ഉയര്‍ന്ന സെക്ടര്‍ ആറ്, ഏഴ് ഉള്‍പ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണക്കാന്‍ കഴിഞ്ഞു. വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ചെറിയ തോതില്‍ തീ ഉള്ളത്. രാത്രിയോടെ ഇത് പൂര്‍ണമായും ശമിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി പ്ലാന്റിലെ മറ്റിടങ്ങളില്‍ നിന്ന് എസ്കവേറ്ററുകള്‍ ഇവിടേക്ക് കേന്ദ്രീകരിക്കും. തീപിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇനിയും ചെറിയ തോതില്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഈ സാഹചര്യം നേരിടാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും. പുക പൂര്‍ണമായും ശമിപ്പിച്ചാലും അഗ്നി രക്ഷാ സേനയുടെ സേവനം തുടരും. കാവല്ക്കാര്, കാമറകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ് സുജിത് കുമാര്‍, കൊച്ചി കോര്പ്പറേഷന് അഡീഷണല്‍ സെക്രട്ടറി വി.പി ഷിബു തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. പുക ശമിപ്പിക്കുന്നതിന് രാപകല്‍ ഭേദമന്യേ ഊര്‍ജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളിലായിട്ടാണ് പ്രവര്‍ത്തനം.
നിലവില്‍ 200 അഗ്നിശമന സേനാംഗങ്ങളും, 18 എസ്കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 68 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 55 കൊച്ചി കോര്പ്പറേഷന് ജീവനക്കാരും 48 ഹോം ഗാര്‍ഡുകളും ആറ് പോലീസുകാരും നേവിയുടെ അഞ്ച് പേരും ബി.പി.സി.എല്ലിലെ രണ്ട് പേരും സിയാലില്‍ നിന്ന് മൂന്ന് പേരും റവന്യു വകുപ്പില്‍ നിന്ന് നാല് പേരും ദൗത്യത്തിനുണ്ട്. ആംബുലന്‍സും ആറ് പേര് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്. പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഫോം ടെന്‍ഡര്‍ യുണിറ്റും 18 ഫയര്‍ യൂണിറ്റുകളും 18 എസ്കവേറ്ററുകളും 3 ഹൈ പ്രഷര്‍ പമ്പുകളും ഉപയോഗിക്കുന്നുണ്ട്.