ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് യുവാവിനെ കൊലപ്പെടുത്തി റോഡിലൂടെ വലിച്ചിഴച്ച സംഘം അറസ്റ്റിലായി. ഡല്‍ഹിയിലെ ബദരാപൂര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഗൗതംപുരി സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഗൗരവിനെ നിരവധിത്തവണ കുത്തിയ സംഘം മൃതദേഹം റോഡിനു കുറുകെ വലിച്ചിഴച്ചു. ഈസമയം, പ്രദേശത്ത് പട്രോളിംഗ് നടത്തിയ രണ്ടു പോലീസുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപെടാൻ ശ്രമിച്ചു. ഇവരെ പിന്തുടര്‍ന്ന പോലീസുകാര്‍ മറ്റൊരു പോലീസ് സംഘത്തിന്റെ സഹായത്തോടെ പിടികൂടി.
ഗൗരവിന് 25 തവണ കുത്തേറ്റതായി ഡിസിപി സൗത്ത് ഈസ്റ്റ് രാജേഷ് ദേവ് പറഞ്ഞു. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എയിംസ് മോര്‍ച്ചറിയിലേക്ക് അയച്ചു.


