ന്യൂഡല്‍ഹി: വിചാരണ കൂടാതെ ആരെയും പിടിച്ചു ജയിലിലിടാന്‍ പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരേ ഇഡിയെ ഉപയോഗിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.നാളെ തന്നെയോ പിണറായി വിജയനെയോ സ്റ്റാലിനെയോ പിടിച്ച് ജയിലിലടച്ചേ ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം നടത്തിയ പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കേജരിവാള്‍.
ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആര്‍ക്കും അറിയില്ല. കാലചക്രം തിരിയുകയാണ്, ബിജെപി ഇന്ന് ഇരിക്കുന്നിടത്ത് നാളെ ഞങ്ങള്‍ വരുമെന്നും അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിനിധീകരിക്കുന്നത്. കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇവരെ ഭാരതത്തിലെ ജനങ്ങള്‍ ആയാണോ കേന്ദ്രം കാണുന്നത്. സംസ്ഥാന വിഹിതം കിട്ടാന്‍ ചെറിയ കാര്യങ്ങള്‍ക്കും സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടാണുള്ളതെന്നും ജന്തര്‍ മന്ദറില്‍ വന്നിരിക്കേണ്ട അവസ്ഥയാണെന്നും കേജരിവാള്‍ പറഞ്ഞു.
കേന്ദ്രം അര്‍ഹതപ്പെട്ടത് നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ സംസ്ഥാനം പ്രവര്‍ത്തിക്കും. പിണറായി വിജയന് ഭാര്യക്കും മക്കള്‍ക്കും വേണ്ടി പണം ചോദിക്കാനല്ല വന്നിരിക്കുന്നത്, കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നതെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.


