ഗുവാഹത്തി: കയ്യേറ്റം ആരോപിച്ച് വീടുകള്‍ പൊളിച്ചുനീക്കുന്നതിന് എതിരെ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച് അസമിലെ സ്ത്രീകള്‍. സില്‍സാക്കോ ബീല് പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ പ്രതിഷേധിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സില്‍സാക്കോ ബീല് പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തില്‍ അവര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പൊലീസുകാരെ തടയാന്‍ ശ്രമിച്ചു.
അതിനിടെയാണ് രണ്ട് സ്ത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. അടിവസ്ത്രത്തില്‍ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ഉടന്‍ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെസിബി ഉപയോഗിച്ച് ഉള്‍പ്പെടെ വീടുകള്‍ പൊളിച്ചുനീക്കുകയായിരുന്നു.
‘ഈ ഭൂമി കോടിക്കണക്കിന് രൂപയ്ക്ക് മാഫിയകള്‍ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ഞങ്ങളെ പുറത്താക്കിയത ് പ്രതിക്ഷേധിച്ചവര്‍ ആരോപിക്കുന്നു. ഇനി ഞങ്ങള്‍ എവിടെ പോകും? വീട് നഷ്ടപ്പെട്ടവര്‍ ചോദിക്കുന്നു.
അതേസമയം പ്രദേശവാസികളുമായി കൂടിയാലോചിച്ചാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നും വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ ഒരു പ്രത്യേക സംഘടനയില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടനയുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല- ‘ഞങ്ങള്‍ എന്തു ചെയ്താലും അവര്‍ പ്രതിഷേധിക്കും. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.’
എന്നാല്‍ കുടിയൊഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ അസം ജാതീയ പരിഷത്ത് അധ്യക്ഷന്‍ ലുറിന്‍ജ്യോതി ഗൊഗോയ് രംഗത്തെത്തി. ബിജെപി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകള്‍ക്ക് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യവും സില്‍സാക്കോ തടാകത്തിന് സമീപം കുടിയൊഴിപ്പിക്കല്‍ നടന്നിരുന്നു. തുടക്കത്തില്‍ ഗുവാഹത്തി മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി തടാകത്തിന്റെ ഇരുവശത്തുമായി 100 മീറ്ററിനുള്ളില്‍ 450 കെട്ടിടങ്ങള്‍ പൊളിക്കാനാണ് തീരുമാനിച്ചത്.