തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന് നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന് മകന് ബിജു (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ പത്തു മണിയോടെ ബസ്റ്റാന്റിന് സമീപമുള്ള ഒരു കടയില്‍ വെച്ചാണ് ഇരുവരും മദ്യം കഴിച്ചതെന്നാണ് വിവരം. ബൈക്കില്‍ ഇരുവരും ഠാണാ ജങ്ഷനിലേക്ക് വരുന്നവഴി നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശാന്ത് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയായിരുന്ന ബിജു ഇന്ന് രാവിലെ മരിച്ചു.
ചാരായത്തിന്റെ മണമുള്ള വെള്ള നിറമുള്ള മദ്യമാണ് കഴിച്ചതെന്നാണ് വിവരം. ഇവര്‍ കഴിച്ച മദ്യത്തിന്റെ ബാക്കി കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ.
മദ്യം എവിടെ നിന്ന് ലഭിച്ചത് എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ പൊലീസ് ആരംഭിച്ചു.


