കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചികിത്സാ പിഴവുണ്ടായെന്നും അവർ പറഞ്ഞിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വർഷം ആയിരുന്നു ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിൽ പിഴവുണ്ടായിന്ന് ഡോക്ടർ സമ്മതിക്കുകയും ചെയ്തിരുന്നു എന്ന് അനന്യ പറഞ്ഞിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് എഴുന്നേറ്റ് നിൽക്കാനോ ഉറക്കെ തുമ്മാനോ സാധിക്കുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും തുടർന്ന് ചികിത്സക്കായിട്ട് മറ്റ് ആശുപത്രിയിൽ പോകാൻ ആശുപത്രി അധികൃതർ സമ്മതിക്കാത്തതായും അനന്യ ആരോപിച്ചിരുന്നു.
കൊല്ലം പെരുമണ്‍ സ്വദേശിയാണ് അനന്യ. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. മലപ്പുറം വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അനന്യ മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു.


