കൊച്ചി: ലിംഗമാറ്റ ശാസ്ത്രക്രിയ പിഴവ് കാരണം ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സ് (28) ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇതുസംബന്ധിച്ച് ട്രാൻസ്ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയാണ് ട്രാൻസ് യുവതിയായ അനന്യ കുമാരി അലക്സിനെ കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചികിത്സാ പിഴവുണ്ടായെന്നും അവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വർഷം ആയിരുന്നു ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിൽ പിഴവുണ്ടായിന്ന് ഡോക്ടർ സമ്മതിക്കുകയും ചെയ്തിരുന്നു എന്ന് അനന്യ പറഞ്ഞിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് എഴുന്നേറ്റ് നിൽക്കാനോ ഉറക്കെ തുമ്മാനോ സാധിക്കുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും തുടർന്ന് ചികിത്സക്കായിട്ട് മറ്റ് ആശുപത്രിയിൽ പോകാൻ ആശുപത്രി അധികൃതർ സമ്മതിക്കാത്തതായും അനന്യ ആരോപിച്ചിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അനന്യയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.


