കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിൻ്റെ വീട്ടിൽ പുലര്‍ച്ചെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ ആണ് വിസ്മയയുടെ ഭര്‍ത്താവ്. 2020 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. ഭര്‍തൃഗൃഹത്തില്‍ വച്ച് മരണത്തിന് മുന്‍പ് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഈ വിവരം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശമായി അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.


