തിരുവനന്തപുരം: ജനയുഗം സീനിയര്‍ സബ് എഡിറ്റര്‍ കെ.ആര്. ഹരി (48) നിര്യാതനായി. ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009 ല്‍ റിപ്പോര്‍ട്ടറായി ജനയുഗത്തില്‍ ചേര്‍ന്ന ഹരി തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള കൗമുദി, മെട്രോ വാര്‍ത്ത, തേജസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചു. നെയ്യാറ്റിന്‍കര വിശ്വഭാരതി കോളജില്‍ അധ്യാപകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൃതദേഹം ജനയുഗം ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം മാരായമുട്ടത്തെ കുടുംബ വീട്ടില്‍ സംസ്കരിച്ചു. മാരായമുട്ടം മോഹനവിലാസത്തില്‍ പരേതരായ എന്‍ കുട്ടപ്പന്റെയും രാധയുടെയും മകനാണ്. ഭാര്യ അഞ്ജന (എസ്സിഇആര്ടി റിസര്‍ച്ച് ഓഫീസര്‍). മകള്‍ നിരഞ്ജന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി.
സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, മണ്ഡലം സെക്രട്ടറി മുരളീപ്രതാപ്, ജനയുഗം മുന്‍ ജനറല്‍ മാനേജര്‍ വി പി രാധാകൃഷ്ണന് നായര്‍, പത്രപ്രവര്ത്തകയൂണിയന് തിരുവനന്തപുരം ജില്ലാസെക്രട്ടറി സുരേഷ് വെള്ളിമംഗലം, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു, ജനയുഗം സഹപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ജനയുഗം ചീഫ് എഡിറ്റര്‍ കാനം രാജേന്ദ്രന്, മുന്‍ ചീഫ് എഡിറ്റര്‍ പന്ന്യന്‍ രവീന്ദ്രന്, മുന്‍ എഡിറ്റര്‍മാരായ ബിനോയ് വിശ്വം, എം.പി അച്യുതന് തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.


