പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.83 വയസായിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു.
ഗാഡ്ഗിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനമായിരുന്നു. 2010-ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അദ്ദേഹത്തെ ഇതിനായി നിയോഗിച്ചത്. 2011-ൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് പശ്ചിമഘട്ടത്തെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു.പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങാതെ ഗ്രാമസഭകൾ വഴി ജനങ്ങളിൽ എത്തണമെന്ന് അദ്ദേഹം വാദിച്ചു.നിലപാടുകൾ തന്റെ ശാസ്ത്രീയ നിഗമനങ്ങളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് ഗാഡ്ഗിൽ. ‘അതിരപ്പള്ളി പോലുള്ള പദ്ധതികൾ പ്രകൃതിക്ക് ദോഷകരമാണെന്ന്’ അദ്ദേഹം തുറന്നു പറഞ്ഞു. 2018-ലെയും 2019-ലെയും കേരളത്തിലെ പ്രളയകാലത്ത്, ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.


