ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു വര്‍ഷത്തോളമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദിക പഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. 35ാം വയസില്‍ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.
സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ്. കുമാരന് എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. 1922 ഡിസംബറിലാണ് ജനനം. 1977ല്‍ ജനറല്‍ സെക്രട്ടറിയായും 2006 മുതല്‍ പത്തുവര്‍ഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീര്‍ഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്.


