കോട്ടയം അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ചങ്ങനാശേരി സ്വദേശിനിയായ റോസ്മേരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
29ന് ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് റോസ്മേരി നിരീഷിനെ കണ്ടെത്തിയത്. ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്ലാറ്റില്‍ കോളേജ് പ്രോജക്റ്റിനായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോള്‍ഡിന്റെ’ 11-ാം നിലയിലാണ് റോസ്മേരി താമസിച്ചിരുന്നത്. പക്ഷേ അന്നു രാത്രി ലംബുവിന്റെ താമസസ്ഥലത്തായിരുന്നു.
സംഭവം ഇങ്ങനെ
ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന് ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് ലംബു പോലീസിനോട് പറഞ്ഞു. പന്‍വേല്‍ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍, ബാല്‍ക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയില്‍ താല്‍ക്കാലിക ബെഡ്ഷീറ്റ് കയര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയുടെ മറ്റ് സഹപാഠികള്‍ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. വാരാന്ത്യത്തില്‍ അവര്‍ സ്ഥലത്തില്ലായിരുന്നു.
ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്ലാറ്റില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോള്‍, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയര്‍ തീര്‍ത്ത് ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് സ്ലൈഡിംഗ് വിന്‍ഡോകള്‍ തുറന്ന് ഹാളില്‍ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിന്‍ ഡോറില്‍ നിന്ന് എട്ടാം നിലയിലെ ഫ്ലാറ്റിലേക്ക് മടങ്ങി. ”ഞായറാഴ്ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണെന്നുമാണ് പൊലിസ് പറയുന്നത്. കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ്. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്.