ജമ്മു കാശ്മീർ: പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണ്. നാല് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആണ് സുരക്ഷാ സേന പരിശോധന നടത്തിയത് തുടർന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് ഒരു ഭീകരനെ വധിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്രോൺ ആക്രമണം ഉൾപ്പെടെ നടന്നതിൻ്റെ പശ്ചാത്തലത്തിലാണ് സൈന്യം വ്യാപകമായ പരിശോധന നടത്തുന്നത്. ഇതിനിടെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. പരിശോധനയ്ക്കിടെ ഭീകരർ ആക്രമിക്കുകയായിരുന്നു എന്ന് സൈന്യം പറയുന്നത്. ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ അതിർത്തി കടന്നെത്തിയ പാകിസ്താന്റെ ഡ്രോൺ ബിഎസ്എഫ് തകർത്തു. ഇന്ന് പുലർച്ചെ 4.25 നാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയത്. ജമ്മുവിലെ അർണിയ സെക്ടറിലാണ് സംഭവം. ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ബി.എസ്.എഫ് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഡ്രോണ്‍ ആക്രമണത്തില്‍ ജമ്മുവിലെ എയര്‍ഫോഴ്സ് സ്റ്റേഷന് നേരിയ കേടുണ്ടായത്. രണ്ട് സ്ഫോടനമാണ് ഇത്തരത്തില്‍ ഉണ്ടായത്. ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.