ഇടുക്കി പാമ്പാടുംപാറയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിലുള്ള സമ്മര്‍ദം മൂലം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. നാല്പത്തിയഞ്ചുകാരനായ സന്തോഷിനെയാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യ പണമിടപാട് സ്ഥാപനം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നും കുടുംബം ആരോപിച്ചു.
ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഗീത വ്യക്തമാക്കി. സന്തോഷിന്റെ ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.
കടബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന സന്തോഷിന്റെ ആത്മഹത്യ കുറിപ്പാണിത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയിട്ടുണ്ടെങ്കിലും വായ്പ തിരിച്ചടവിനായി സന്തോഷിനെ മാനസികമായി പീഡിപ്പിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേരും കത്തിലുണ്ട്. കൂലിപ്പണി ചെയ്തും വാഹനമോടിച്ചുമായിരുന്നു സന്തോഷ് കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ഡൗണില്‍ ഉപജീവന മാര്‍ഗമില്ലാതായതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. എന്നാല്‍ ധനകാര്യ സ്ഥാപനം പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു.
അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.


