പേട്ടയിലെ അനീഷിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സൈമണ്‍ ലാലന്റെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധം പ്രതി ലാലന് വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചിരുന്നു. മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തി കൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് ലാലു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്.
പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. എന്നാല്‍ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷിന്റെ കുടുംബം പറഞ്ഞിരുന്നു.
കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.


