ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ലെന്നും ഗ്രീഷ്മ അന്വേഷണസംഘത്തോട് പറഞ്ഞു. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ വെരാഗ്യമാണെന്നാണ് പ്രതി ഗ്രീഷ്മയുടെ മൊഴി.
കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പടാന്‍ പരമാവധി ശ്രമിച്ചു. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷക്കുപ്പി പറമ്പില്‍ ഉപേക്ഷിച്ചു. പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടാമെന്ന് ഗൂഗിളില്‍ തെരഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരം പാറശാലയില്‍ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത് ഇന്നലെയാണ്. നിലവില്‍ കേസില്‍ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നുവെന്ന് എഡിജിപി എം ആര് അജിത് കുമാര്‍ പറഞ്ഞു.
‘ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയില്‍ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തില്‍ കലര്‍ത്തിയാണ് നല്‍കിയത്. അവിടെ വച്ച് തന്നെ ഷാരോണ്‍ ഛര്‍ദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്’.
അതിനിടെ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ അണുനാശിനി കഴിച്ച് ഗ്രീഷ്മ സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചതായി വിവരം ലഭിച്ചു. ദേഹാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.


