ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പുമായി രജിസ്ട്രി രംഗത്തുവന്നു. ഔദ്യോഗിക വെബ്സൈറ്റ് പോലെ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യാജ വെബ് സൈറ്റുകള്‍ ആണ് കണ്ടെത്തിയത്. ഇതില്‍ വഞ്ചിതരാകരുത് എന്ന് രജിസ്ട്രി മുന്നറിയിപ്പ് നല്കി. ഇ-മെയില്‍ വഴിയുള്ള തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും സുപ്രീം കോടതി പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
വിശ്വാസ്യത ഉറപ്പുവരുത്താതെ ലിങ്കുകള്‍ തുറക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വ്യക്തിഗതമായ വിവരങ്ങളോ, സാമ്പത്തിക വിവരങ്ങളോ, സ്വകാര്യവിവരങ്ങളോ ആവശ്യപ്പെടാറില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ വെബ് സൈറ്റ് ഉപയോഗിച്ചാല്‍ ഉടന്‍ പാസ്വേഡ് മാറ്റണമെന്നും സുപ്രീം കോടതി രജിസ്ട്രി നിര്‍ദേശം നല്കി. വ്യാജ വെബ് സൈറ്റ് നിര്‍മ്മിച്ചവരെ കണ്ടെത്താനും നിയമ നടപടി സ്വീകരിക്കാനും രജിസ്ട്രി ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


