തിരുവനന്തപുരം:- വെഞ്ഞാറമ്മൂട്ടിൽ
ഡിവൈഎഫ്ഐ പ്രവർത്തകരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
ഓണനാളിൽ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനും കലാപം സൃഷ്ടിക്കുവാനുമാണ് കൊലപാതകത്തിലൂടെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുന്ന, സമാധാനത്തിന്റെ വക്താക്കൾ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസിന്റെ ക്രിമിനൽ രാഷ്ട്രീയത്തിന്റെ തെളിവാണ് വെഞ്ഞാറമൂട് കൊലപാതകം.
കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനൽ രാഷ്ട്രീയവും കണ്ടില്ലെന്നു നടിക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ നടപടി ഇരട്ടത്താപ്പാണ്. നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് ഇടതുപക്ഷത്തെ തകർക്കുവാൻ വെമ്പൽ കൊള്ളുന്ന മാധ്യമ ജഡ്ജിമാർ സമീപകാലത്ത് കായംകുളത്ത് നടന്ന പൈശാചികമായ കൊലപാതകത്തിലും നിശബ്ദത പാലിച്ചു.ഇത് മാധ്യമ ധർമ്മമാണോ എന്ന് ചിന്തിക്കണം.
കോൺഗ്രസിന്റെ കൊലപാതക രാഷട്രീയത്തെയും ക്രിമിനൽ രാഷ്ട്രീയത്തേയും എതിർക്കുവാനും പൊതു സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തുവാനും എല്ലാ ജനാധിപത്യവിശ്വാസികളും സമധാനകാംഷികളും മുന്നോട്ടു വരണമെന്ന്
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.