ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്.
2012 ജൂലൈ 16ന് എബിവിപി പ്രവർത്തകനായ ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് മുന്നിൽ ആക്രമിച്ചു കൊലപ്പെടുത്തിയതാണ് കേസ്.വിധി നിരാശാജനകമെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിശാലിനോടൊപ്പം ഉണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.


