കൊച്ചിയിലെ മോഡലുകളുടെ അപകട മരണക്കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. ഡിജെ പാര്‍ട്ടികളില്‍ സൈജു എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് പൊലീസ്. സൈജുവിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും. അതിനിടെ സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൈജു തങ്കച്ചന് യുവതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്ന്നിരുന്നു . ദുരുദ്ദേശത്തോടെയാണ് സൈജു കാര്‍ പിന്തുടര്ന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ നിരവധി വിവരങ്ങള്‍ സൈജു സമ്മതിച്ചത്.
ഇന്നലെ അന്വേഷണ സംഘം സൈജുവിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയിലുണ്ട്. ഈ ഉദ്ദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്. ആവശ്യം നിരസിച്ച് കാറില്‍ മടങ്ങിയ മോഡലുകളെ സൈജു ഔഡി കാറില്‍ പിന്തുടരുകയായിരുന്നു. സൈജുവിന്റെ ഫോണില്‍ നിന്ന് ഡിജെ പാര്‍ട്ടികളുടേത് ഉള്‍പ്പെടെ ചില ചിത്രങ്ങളും വീഡിയോകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ചിത്രങ്ങളില്‍ സൈജുവിനൊപ്പമുള്ള പെണ്‍കുട്ടികളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
അതേസമയം സൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പൊലീസ് സൈജുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. സൈജുവിന്റെ ജാമ്യാപേക്ഷ ഇന്ന് എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മോഡലുകളുടെ വാഹനത്തെ സദുദ്ദേശത്തോടെയല്ലാതെ പിന്തുടര്‍ന്നതിനാണ് സൈജുവിനെത്തിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
സൈജു പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലെന്നാണ് പ്രോസിക്യൂഷന് വാദം. ഇയാളുടെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.സൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.


