മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നതെല്ലാം കള്ളം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കളമശേരി മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് മോന്‍സനെതിരായ പോക്സോ കേസിലെ പരാതിക്കാരി. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ അപമാനിക്കുംവിധം ചോദ്യങ്ങള്‍ ചോദിച്ചു വൈദ്യപരിശോധന വേണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് ബന്ധു.
സുരക്ഷാ ജീവനക്കാരും തടഞ്ഞു വയ്ക്കാന്‍ ശ്രമിച്ചു. മോന്‍സന്റെ മകന് പഠിക്കുന്ന കോളജാണെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കിടെ തടഞ്ഞുവച്ച സംഭവത്തിലാണ് കൃത്യമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ വെല്ലിവിളിച്ച് മോന്‍സനെതിരായ പോക്സോ കേസിലെ പെണ്‍കുട്ടിയും ബന്ധുവും രംഗത്തെത്തിയത്.
മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണ്. ലേബര്‍ റൂമില്‍ പൂട്ടിയിട്ടുള്ള ചോദ്യം ചെയ്യലായിരുന്നു നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റം. പൊലീസുകാര്‍ പോലും ചോദിക്കാത്ത ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പരാതിക്കാരി ഇരുന്ന് കരഞ്ഞു.
വൈദ്യ പരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയില്‍ പൂട്ടിയിട്ടു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ബലമായി തട്ടിമാറ്റി. ഒടുവില്‍ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തു നിന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടര്‍മാര്‍ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചു.
മോന്‍സന്റെ മകന് വര്‍ഷങ്ങളായി പഠിക്കുന്നത് കളമശേരി മെഡിക്കല്‍ കോളജിലാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാണെന്നും പരാതിക്കാരി പറയുന്നു. മെഡിക്കല്‍ കോളജിനതിരായ പെണ്‍കുട്ടിയുടെ പരാതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.


