ബിനീഷ് കോടിയേരിക്ക് സ്വന്തമായുള്ളത് തിരുവനന്തപുരത്തെ വീടും, കണ്ണൂരിലെ സ്ഥലവും മാത്രമെന്ന് റജിസ്ട്രഷന്‍ വകുപ്പ്. തിരുവനന്തപുരത്തെ മരുതംകുഴിയിലെ ഇരുനില വീടും സ്ഥലവും കണ്ണൂരിലെ ഭൂമിയും മാത്രമാണ് ബിനീഷ് കോടിയേരിയുടെ സ്വത്തുവകകളായി റജിസ്ട്രേഷന് വകുപ്പ് ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്. കണ്ണൂരിലെ ഭൂമി സ്വന്തം സമ്പാദ്യത്തില്‍ നിന്നു വാങ്ങിയതല്ലെന്നും പൈതൃക സ്വത്തായി കിട്ടിയതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബിനീഷിന്റെ മാത്രം സ്വത്തുവകകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞതിനാല്‍ ഭാര്യയുടെ പേരിലുള്ള ആസ്തികള്‍ ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല.
മൂന്നു കമ്പനികളില്‍ ഓഹരി ഉടമസ്ഥതയും ബാങ്ക് ബാലന്‍സും ഉണ്ടെന്ന് ബിനീഷ് അറിയിച്ചെങ്കിലും റജിസ്ട്രേഷന് വകുപ്പിന്റെ പരിധിയില്‍ വരുന്നില്ലെന്ന കാരണത്താല്‍ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് ബിനീഷിനോടു റജിസ്ട്രേഷന് വകുപ്പ് വസ്തുവകകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു.
മുദ്രവെച്ച കവറിലാണ് റജിസ്ട്രേഷന് വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട ചോദ്യം ചെയ്യലിനു ശേഷമാണ് സംസ്ഥാന റജിസ്ട്രേഷന് വകുപ്പിനോട് ബിനീഷിന്റെ ആസ്തിവകകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. റജിസ്ട്രേഷന് ഐ.ജിക്കാണ് ഇ.ഡി കത്ത് നല്‍കിയിരുന്നത്.
ബംഗളൂരുവിലെ ലഹരി ഇടപാട് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇ.ഡി. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണ്.
ലഹരി മരുന്ന് ഇടപാടിന് ഇറക്കിയ പണം എവിടുന്ന് വന്നു, അതില്‍ ബിനീഷിന്റെ പങ്ക് എന്ത് എന്നാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. ബിനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 20 പേര് ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ഇതിലാണ് ആന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുക. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.


