ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പൂര്‍ ശാഖ അക്രമികള്‍ കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും കവര്‍ന്നു. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ഉദ്യോഗസ്ഥരെ തോക്കിന് മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ഉദയ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിലെ ബിസിനസ് ഹബ്ബാണ് ഉദയ്പൂര്‍. അവിടെയുള്ള പ്രതാപ് നഗറിലാണ് പൊലീസിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു കവര്‍ച്ച. ബില്‍ഡിങില്‍ ഒന്നാം നിലയിലാണ് മണപ്പുറം ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. മുന്‍വാതിലിലൂടെയാണ് അക്രമി സംഘം അകത്തേക്ക് കയറിയത്. ഇവിടെ സുരക്ഷാ ജീവനക്കാരന് ഉണ്ടായിരുന്നില്ല.
കവര്‍ച്ചാ സംഘം അകത്തേക്ക് കയറുമ്പോള്‍ അഞ്ച് ജോലിക്കാരും ഏതാനും ഇടപാടുകാരും മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. സംഘം ഓഫീസിലേക്ക് പ്രവേശിച്ചയുടനെ ബാഗിലുണ്ടായിരുന്ന തോക്കെടുക്കുകയും അവിടെയുള്ളവരോട് ഒരു മൂലയിലേക്ക് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കി. എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ വാങ്ങിയ സംഘം ഓഫീസിലെ ലാന്‍ഡ് ഫോണ്‍ കണക്ഷന് വിച്ഛേദിക്കുകയും ചെയ്തു. ‘രാവിലെ ഇടപാടുകാരെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കവയൊണ് കവര്‍ച്ചാസംഘം ഓഫീസിലെത്തിയതെന്ന് ഉദ്യോഗസ്ഥാനായ ദുര്‍ഗേഷ് ശര്‍മ്മ പറയുന്നു.
‘മുഖംമൂടി ധരിച്ച സംഘം പെട്ടെന്ന് ഓഫീസിലേക്ക് കയറുകയും ജോലി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആദ്യം മനസ്സിലായില്ല. അനങ്ങരുതെന്ന് ആവശ്യപ്പെട്ട സംഘം ഞങ്ങള്‍ക്ക് നേരെ തോക്കു ചൂണ്ടി. ഞങ്ങളെല്ലാവരും പരിഭ്രാന്തരായി’- അദ്ദേഹം പറഞ്ഞു. സംഘത്തിലെ ഒരാള്‍ പുറത്തെ വാതിലില്‍ കാവല്‍ നിന്നപ്പോള്‍ രണ്ട് പേര് ഞങ്ങള്‍ക്ക് നേരെ തോക്കുചൂണ്ടി. മറ്റുള്ളവര്‍ പണവും സ്വര്‍ണവും കൈക്കലാക്കി, അദ്ദേഹം പറഞ്ഞു.
അതേസമയം കവര്‍ച്ചയുടെ സിസിടവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ഇടപാടുകാരെപ്പോലെയാണ് ഈ അഞ്ച് പേരും ഓഫീസിലേക്ക് കയറി വരുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തം. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഉദയ്പൂരിലെ പ്രതാപ് നഗര്‍ ബ്രാഞ്ചില്‍ മാത്രം 1,100 ഇടപാടുകാര്‍ ഉണ്ട്. അതേസമയം അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.