കെ.എസ്.എഫ്.ഇ ശാഖകളില്‍ നടന്ന റെയ്ഡില്‍ ഉദ്യോഗസ്ഥ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഉടന്‍ സര്‍ക്കാരിനു കൈമാറും. വലിയ തുക മാസത്തവണയില്‍ ചിട്ടിയില്‍ ചേര്‍ന്നവരുടെ വിശദാംശങ്ങളും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി കെ.എസ്.എഫ്.ഇകളില്‍ റെയ്ഡ് നടത്തിയത്. ധനകാര്യ മന്ത്രി തോമസ് ഐസക്ക് തന്നെ റെയ്ഡിനെ തള്ളിപറഞ്ഞെങ്കിലും പിന്നോട്ടു പോകേണ്ടെന്നാണ് വിജിലന്‍സിന്റെ തീരുമാനം. റെയ്ഡ് വിശദാംശങ്ങളും ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ പേരും നടപടിയും ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറും.
നിരവധി ശാഖകളില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയ 20 ശാഖകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യുക. ബെനാമി പേരുകളില്‍ ചിട്ടിയില്‍ ചേരുന്ന ഉദ്യോഗസ്ഥരെ കുറിച്ചും വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കും. മാത്രമല്ല വലിയ തുക മാസത്തവണയില്‍ ഒരു ശാഖയില്‍ തന്നെ നിരവധി ചിട്ടികളില്‍ ചേര്‍ന്ന ഇടപാടുകാരുടെ വിവരം രഹസ്യമായി ശേഖരിക്കുന്ന നടപടികളും വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്.
ഇതിനായി പൊലീസിന്റെ സഹായം തേടും. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി ചിട്ടിയെ മാറ്റിയോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക റിപ്പോര്‍ട്ടാകും സര്‍ക്കാരിനു സമര്‍പ്പിക്കുക.