പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചാലേ ജാമ്യം നല്‍കാവൂ എന്ന് ഹൈക്കോടതി. മജിസ്ട്രേറ്റ് കോടതികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാം.
രണ്ടാഴ്ചയ്ക്കുള്ളില്‍ പി.എഫ്.ഐ 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് പണം നല്കാന് ക്ലെയിംസ് കമ്മീഷനെയും ഹൈക്കോടതി നിയമിച്ചു. പി ഡി സാരംഗധരനാണ് ക്ലെയിം കമ്മീഷണര്‍. മൂന്നാഴ്ചക്കകം കമ്മീഷന് ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് ആകെ 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തതായും കോടതിയെ അറിയിച്ചു.
ഹര്‍ത്താലില്‍ അഞ്ച് കോടിക്ക് മേല്‍ നഷ്ടം സംഭവിച്ചതായും ഇത് ഹര്‍ത്താല്‍ അനുകൂലികളില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അടക്കം കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം, പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന എ അബ്ദുല്‍ സത്താറിനെ എല്ലാ കേസുകളിലും പ്രതിയാക്കാനും നിര്‍ദേശമുണ്ട്.
സെപ്തംബര്‍ 27നാണ്, സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.
അഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും അത് പി.എഫ്.ഐയില്‍ നിന്നും ഈടാക്കി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഹര്‍ത്താലില്‍ 58 ബസുകള്‍ തകര്‍ത്തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്രയേറെ ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
കേടുപാടുകള്‍ സംഭവിച്ച ബസുകളുടെ അറ്റകുറ്റപ്പണിക്കായി ഗണ്യമായ തുക വേണ്ടിവരും. അറ്റകുറ്റപ്പണി സമയത്ത് നിരവധി സര്‍വീസുകള്‍ മുടങ്ങും. ഇതൊക്കെ കണക്കാക്കുമ്പോള്‍ കോര്പറേഷന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപുലര്‍ ഫ്രണ്ട് നല്കാന് ഉത്തരവിടണം എന്നായിരുന്നു കെ.എസ്.ആര്.ടി.സിയുടെ ആവശ്യം.
ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, കെ.എസ്.ആര്.ടി.സി ബസുകള്‍ തകര്‍ത്തതില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് നേരത്തെ ചോദിച്ചിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മുന്‍കൂട്ടി അറിയാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞിരുന്നു. ഹര്‍ത്താലിനിടെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.