എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കാലാണ് കോടതി വിധി പറഞ്ഞത്. എകെജി സെന്ററിലേക്ക് ജിതിന് എറിഞ്ഞത് ബോംബ് തന്നെയാണെന്നാണ് പ്രോസിക്യൂഷന് വാദം.
ആക്രമണ സ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. ജിതിന് എതിരെ മറ്റു ഏഴു കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ജിതിനെ പ്രതിയാക്കിയത് രാഷ്ട്രീയ നാടകമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 150 സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്ന് മുഖം കണ്ടില്ലെന്നു പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. ജിതിന് അല്ല സ്ഫോടക വസ്തു എറിഞ്ഞത്. ജിതിന് നിരപരാധിയാണ്. ഏത് നിബന്ധനകളും പാലിക്കാം, ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറു വരെയാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.


