ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. പേരുകേട്ട ഒണ്‍ലൈന്‍ പര്‍ച്ചെയ്സ് സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പെന്നും ജാഗ്രത പുലര്‍ത്തണമെന്നും പോലിസ് ഓര്‍മിപ്പിച്ചു.
ഒണ്‍ലൈന്‍ വഴി ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയതിന് നന്ദി. നിങ്ങള്‍ക്ക് സമാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍ ‘… ഇങ്ങനെ തുടങ്ങുന്ന ഒരു മെസേജ് നിങ്ങള്‍ക്ക് വന്നാല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. ഇല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുക മുഴുവന്‍ നഷ്ടമാകുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് ഓര്‍മിപ്പിച്ചു. തട്ടിപ്പിന്റെ പുതിയ മുഖമാണിത്. പേരുകേട്ട ഒണ്‍ലൈന്‍ പര്‍ച്ചെയ്സ് സ്ഥാപനങ്ങളുടെ പേരിലാണ് ഇത്തരം മെസേജ് വരുന്നത്.
ഈ സ്ഥാപനങ്ങളില്‍ നിന്ന് മുമ്പ് എന്തെങ്കിലും ഒണ്‍ലൈനായി നിങ്ങള്‍ വാങ്ങിയിട്ടുണ്ടാകും. പിന്നെ സംശയിക്കാനൊന്നുമില്ലല്ലോ. അവര്‍ സമ്മാനമായി തരുന്നത് കാര്‍, ബൈക്ക്, ഗ്രഹോപകരണങ്ങള്‍ … അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കളാണ്.. അവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറോ, ഈ മെയില്‍ ഐഡിയോ കൊടുത്തിട്ടുണ്ടാകും. ഇനി അങ്ങോട്ട് വിളിക്കാന്‍ വൈകിയാല്‍ അഭിനന്ദനം അറിയിച്ച് അവര്‍ വിണ്ടും വിളിക്കും. അവരുടെ വലയില്‍ വീണാല്‍ അക്കൗണ്ട് നമ്പറും, പാസ് വേഡും, മൊബൈലില്‍ വന്ന ഒ.ടി.പി നമ്പറും കൈമാറുകയാണ് അടുത്ത നടപടി.
കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന് ടാക്സ് അടക്കാന്‍ തുക, മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാന്‍ ജി.എസ്.ടി തുക ….. അങ്ങനെ അവരുടെ മോഹവലയത്തില്‍ കുടുങ്ങി പണം പോയവരുടെ നിരവധി പരാധികള്‍ റൂറല്‍ പോലിസിന് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് പറഞ്ഞു. ഒര്‍ജിനല്‍ കമ്പനികളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് ഈ തട്ടിപ്പ്. പലപ്പോഴും ഫോണ്‍ വിളിക്കുന്ന രണ്ടു പേര് മാത്രമറിഞ്ഞുള്ള ഇടപാടാണെന്നതിനാല്‍ പണം പോയതിനു ശേഷമാണ് പുറം ലോകം അറിയുകയുള്ളു.
പരാതിയുമായി എത്തുമ്പോഴേക്കും തട്ടിപ്പുകാര്‍ അവരുടെ മൊബൈല്‍ അക്കൗണ്ട് നമ്പറുകള്‍ മാറ്റിയിട്ടുണ്ടാകും. ഛണ്ഡീഗഡ്, ബീഹാര്‍, വെസ്റ്റ് ബംഗാള്‍ അതിര്‍ത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇവര്‍ക്ക് പ്രത്യേകം ഓഫീസുകള്‍ ഒന്നുമില്ല. ഒരു മൊബൈലും ലാപ്പ്ടോപ്പും മാത്രമായിരിക്കും ഇത്തരക്കാരുടെ മുടക്കുമുതല്‍. അതു കൊണ്ടു തന്നെ ഇവരെ കണ്ട് പിടിക്കുക എളുപ്പവുമല്ല. ഇത്തരം സ്ഥാപനങ്ങളുടെ പേരില്‍ സ്ക്രാച്ച് ആന്റ് വിന് കാര്‍ഡ് അയച്ചു നല്കി തട്ടിപ്പു നടത്തുന്നവരുമുണ്ട്.
ചുരണ്ടി നോക്കി അതില്‍ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക. കാര്‍ഡുകളില്‍ വമ്പന്‍ സമ്മാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കരസ്ഥമാക്കാന്‍ കാശ് കളയുന്നവരും നിരവധിയാണ്. ഈ കോവിഡ്ക്കാലത്ത് രണ്ട് ശതമാനം മുതല്‍ പലിശനിരക്കില്‍ ലോണ്‍ തരാമെന്ന് പറഞ്ഞ് ഒണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയില്‍പ്പെട്ട് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇതിനെ ക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.പി. പറഞ്ഞു.


