കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിലെ പരാതിക്കാരന് ധര്മ്മരാജന് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് പൊലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതില്‍ കൂടുതല്‍ പണം കണ്ടെത്തിയെന്ന് തൃശൂര്‍ എസ്.പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചു വരികയാണ്. കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.
അതേസമയം, പണം നല്‍കിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കെന്ന് ധര്മ്മരാജന് പൊലീസില്‍ മൊഴി നല്കി. ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. താനും ധര്‍മ്മരാജനും തമ്മില്‍ വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമെന്നാണ് സുനില്‍ നായിക് പൊലീസിനോട് വ്യക്തമാക്കിയത്. ധര്‍മ്മരാജന്റേയും സുനില്‍ നായിക്കിന്റേയും മൊഴികള്‍ പൊലീസ് വിശദമായി പരിശോധിക്കും.

അതിനിടെ കേസില്‍ ഒരു പ്രതികൂടി പൊലീസ് കസ്റ്റഡിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേസില്‍ അഞ്ച് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.


