ജഡ്ജിന്റെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഡ്വ. സൈബി ജോസിനെതിരെ നിര്‍ണ്ണായ വെളിപ്പെടുത്തല്‍. ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ നിര്‍ണ്ണായക മൊഴിയാണ് വിജിലന്‍സിന് ലഭിച്ചത്. റാന്നി കേസില്‍ ജാമ്യം ലഭിക്കാന്‍ 50 ലക്ഷം നല്‍കിയെന്ന് കേസിലെ പ്രതി ജോയിക്കുട്ടി വെളിപ്പെടുത്തിയെന്ന് മുന്‍ പഞ്ചായത്ത് അംഗം ബിനു സി മാത്യു വെളിപ്പെടുത്തി.
റാന്നിയിലെ പള്ളിയില്‍ വെച്ച് പരസ്യമായാണ് പ്രതി ഇക്കാര്യം പറഞ്ഞതെന്നും ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്നും ബിനു സി മാത്യു പറയുന്നു.
റാന്നി പൊലീസ് എസ്.സി എസ്ടി ആക്ട് അനുസരിച്ച് എടുത്ത കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മെയില്‍ പള്ളിയില്‍ വെച്ച് പ്രതി നടത്തിയ വെളിപ്പെടുത്തലാണ് സൈബി ജോസിന് കുരുക്കാകുന്നത്. 50 ലക്ഷം നല്‍കിയാണ് ഹൈക്കോടതിയിലെ കേസ് തട്ടികളഞ്ഞെതെന്ന് പ്രതി ജോയ്കുട്ടി പറഞ്ഞത് താനടക്കം നിരവധി പേര് കേട്ടെന്ന് ബിനു സി മാത്യു പറയുന്നു.
പത്തംതിട്ടയിലെ മോഹനനന്‍ നല്കിയ പരാതിയില്‍ 5 ആം പ്രതിയാണ് ജോയിക്കുട്ടി. ജാമ്യം ലഭിച്ചതില്‍ അസ്വാഭാവികത തോന്നിയ ഉടന്‍ ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയായി നല്‍കിയിരുന്നതായി ബിനു പറഞ്ഞു.
ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് സിയാദ് റഹാമാന്റെ പേരില്‍ 50 ലക്ഷം രൂപ സൈബി ജോസ് കക്ഷികളില്‍ നിന്ന് വാങ്ങിയതായി അറിയാമെന്ന് നേരത്തെ അഭിഭാഷകന് പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.