കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരായി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, കേസില്‍ അര്ജുന് ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെയും കസ്റ്റംസ് തിരയുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ശ്രീലാലിലേക്കും അന്വേഷണമെത്തുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളുടെതായി പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ശ്രീലാലിന്റെ ശബ്ദം നാട്ടുകാര്‍ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തു വന്ന ശബ്ദ രേഖകളില്‍ നിന്നാണ് ശ്രീലാലിന്റെ ശബ്ദം നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. സ്വര്‍ണം കടത്തുന്നയാള്‍ക്ക് അര്ജുന് ആയങ്കിയും ശ്രീലാലുമാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലാലു എന്ന് അര്ജുന് വിളിക്കുന്നത് ശ്രീലാലിനെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാനൂര്‍, മാഹി മേഖലകളിലുള്ള കൂടുതല്‍ പേര് സ്വര്‍ണക്കടത്ത് സംഘത്തിലുണ്ട് എന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇവരില്‍ പലരും സിപിഎം പ്രവര്‍ത്തകരുമാണ്. അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ശ്രീലാലിന്റെ നാട്ടില്‍ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
പാനൂര്‍, മാഹി മേഖലകളിലുള്ള ശ്രീലാല്‍ അടക്കമുള്ളവരെ വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. അര്ജുന് ആയങ്കിയെ ചോദ്യം ചെയ്താല്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കു കൂട്ടുന്നത്.


