ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുണ്‍. കൈകൊണ്ട് മുഖം അമര്‍ത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ്. ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഫോറന്‍സിക് വിഭാഗം കണ്ടെത്തി. മരിച്ച ശാഖാകുമാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
ശാഖാ കുമാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സമ്പന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുന്‍പാണ് പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുണ്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുണ്‍ കുറ്റസമ്മതം നടത്തിയത്.