പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള അന്വേഷണനീക്കം ഊര്‍ജിതമാക്കി സര്‍ക്കാര്‍. ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയും പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ വി.ഡി.സതീശനെതിരെയുമുള്ള അന്വേഷണത്തിനായി സര്‍ക്കാര്‍ സ്പീക്കറിന്റെ അനുമതി തേടി.
പറവൂര്‍ എംഎല്‍എ ആയിരിക്കെ വി ഡി സതീശന് ആവിഷ്കരിച്ച ‘പുനര്‍ജനി: പറവൂരിന് പുതുജീവന്‍’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. വി ഡി സതീശന് നടത്തിയ വിദേശയാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശന് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം വിദേശയാത്ര നടത്താന്‍പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തില്‍ എംഎല്‍എ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നു.
പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണം ഗവര്‍ണറുടെ അനുമതി കൂടി കിട്ടിയ ശേഷമായിരിക്കും ആരംഭിക്കുക. പി.ശ്രീരാമകൃഷ്ണന് സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇപ്പോള്‍ ഗുജറാത്തിലാണ്. അദ്ദേഹം മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.


