ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച 19-കാരി സുചിത്ര നേരിട്ടത് കടുത്ത സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍. കൂടുതല്‍ പണം അവശ്യപ്പെട്ടും സ്വര്‍ണ്ണം ലോക്കറില്‍ വെയ്ക്കുന്നത് സംബന്ധിച്ചും ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ സുചിത്രയെ നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും കുടുംബം ആരോപിക്കുന്നു.
സൈനികനായ വിഷ്ണുവിന് 51 പവന് സ്വര്‍ണവും സ്കൂട്ടറും നല്‍കാമെന്നായിരുന്നു സുചിത്രയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം അടുത്തതോടെ സ്കൂട്ടറിന് പകരം കാര്‍ വേണമെന്ന് വിഷ്ണുവും മാതാപിതാക്കളും ആവശ്യപ്പെട്ടു. ഇത് നല്‍കിയിട്ടും വിവാഹ ശേഷം 10 ലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് സുലോചന സുചിത്രയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി സുലോചന മകളെ ശല്യപ്പെടുത്തിയിരുന്നതായും സുചിത്രയുടെ അമ്മ പറഞ്ഞു.
അതേസമയം, മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുചിത്രയുടെ മാതാപിതാക്കള്‍ പറയുന്നു. സുചിത്ര മരിച്ച ദിവസം രാവിലെ 10.30 യോടെ വിഷ്ണുവിന്റെ അമ്മയുടെ ബന്ധത്തിലുള്ള ഒരാള്‍ അവിടെ വന്നതായി അയല്‍വാസികള്‍ തങ്ങളെ അറിയിച്ചതായും അത് ആരാണെന്ന് അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ പൊലിസിനോടും പറഞ്ഞതായി സുചിത്രയുടെ അച്ഛന് പറഞ്ഞു. ഇനി ഒരു പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മകള്‍ക്ക് നീതി ലഭിക്കുന്നത് വരെ മുന്നോട്ടു പോകുമെന്നും കുടുംബം അറിയിച്ചു.
ജൂണ്‍ 22 ന് ഉച്ചയ്ക്ക് 12 മണിയോടെയായിുന്നു കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ സുചിത്രയെ കണ്ടെത്തിയത്. പ്രഭാത ഭക്ഷണത്തിന് ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച സുചിത്ര ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയതായതോടെ വിഷ്ണുവിന്റെ അമ്മ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
മാര്‍ച്ച് 21 നായിരുന്നു സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം. ഒരു മാസം ശേഷം ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയിരുന്നു. വിവാഹ ശേഷം മൂന്ന് മാസം തികയുന്നതിന്റെ പിറ്റേ ദിവസമാണ് 19 കാരിയായ സുചിത്രയുടെ മരണം.
അതേസമയം, സുചിത്രയുടെ മരണത്തില്‍ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടുവിനാല്‍ ലക്ഷ്മി ഭവനത്തില്‍ സുലോചനയെയും ഉത്തമനെയുമാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര് ജോസ് അറസ്റ്റ് ചെയ്തത്.